Saturday 28 August 2010

മുഖം മൂടി ധരിച്ച കള്ളന്‍മാര്‍ (കുറിപ്പ്,18/08/10,ബുധന്‍ )

വളരെ നാളുകള്‍ക്കു ശേഷം ഇന്നേക്ക് മഴ പെയ്തിരിക്കുന്നു. പക്ഷെ അതിനു ഭൂമിയെ തണുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നാലോചിക്കുമ്പോള്‍ പല കാര്യങ്ങളും അങ്ങിനെ ആണെന്ന് തോന്നി പോകുന്നു. ജീവിതത്തില്‍ എത്ര മഴ പെയ്താലും പൂക്കള്‍ വിരിഞ്ഞാലും നമ്മളൊന്നും ശാന്താരോ, സംത്രിപ്തരോ, സന്തോഷവാന്മാരോ ആയെന്നു വരില്ല . അതിനു തന്‍റെതായ ന്യായങ്ങളും വിശദീകരണങ്ങളും വേറെ.. പിന്നെ ' വിധി ' എന്നാ രണ്ടു അക്ഷരത്തില്‍ പഴിചാരുവാന്‍ നമ്മള്‍ മിടുക്കരുമാണ്. കാലത്തിനെ വേറൊരു കോണില്‍ നിന്നും നോക്കുമ്പോള്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ മുതല്‍ ജീവിതത്തിന്റെ പല എടുകളിലൂടെയും,അറിയാത്ത അനുഭവങ്ങളിലൂടെയും കടന്നു വന്നവരാണ്. ഒരു ദിവസം കൊണ്ട് ഒരായിരം വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടിയവരെ പോലെ. അതില്‍ അറിയാത്തതും, കാണാത്തതുമായ വികാരങ്ങളാവം അടുത്ത ജന്‍മത്തില്‍ നമുക്ക് ഓരോര്‍ത്തര്‍ക്കും ചെയ്യാന്‍ കല്പിക്കപെടുന്നത് ഇന്നു എനിക്ക് തോന്നി പോകുന്നു.. ബാല്യകാലത്തിലെ സന്തോഷവും ,കളികളും നമുക്ക് തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു പക്ഷെ പലപ്പോഴും അത് സംഭവിക്കാറില്ല . എന്‍റെ ബാല്യത്തില്‍ ഞാന്‍ കരുതി എനിക്ക് മുഖ കുരുക്കള്‍ വരില്ലെന്ന്, എന്നാല്‍ അവ വന്നു മായുവാന്‍ തുടങ്ങുന്ന പാടുകള്‍ ഇന്നും അവശേഷിക്കുന്നു. അപ്പോള്‍ ഞാന്‍ മനസ്സിലാക്കി ,എല്ലാം മായുവാനും മായ്ക്കുവാനും കഴിയുന്നത്‌ മാത്രമാണെന്ന്. ജീവിതവും അത്രമാത്രമാണെന്ന് നിശംശയം തോന്നി പോകുന്നു. എന്‍റെ വീടിന്‍റെ തെക്ക് വശത്ത് പേരറിയാത്ത ഒരു ചെടി തഴച്ചു വളരുന്നുണ്ട്, ഇന്നത്തെ മഴ അതിനു സന്തോഷം കൊടുത്തിരിക്കണം. കുമ്പളമാണെന്നും , മത്തനെന്നും പല അഭിപ്രായങ്ങള്‍ ..അത് സമീപത്തെ വൃക്ഷത്തെ കെട്ടി പുണര്‍ന്നിരിക്കുന്നു, സുഗന്ധം പരത്താത്ത മനോഹരമായ പൂക്കള്‍ വിരിയിച്ച് അത് വളര്‍ന്നു പന്തലിക്കുന്നു .ഫലം തരുന്നതിനു മുന്നേ വേരോടെ അഴുകി മണ്ണിനെ പ്രാപികുമെന്ന സത്യം വളരെ ദുഖത്തോടെ ഞാന്‍ മനസ്സിലാക്കുന്നു.

കുറച്ചു നാളുകളായ് രാത്രിയില്‍ തട്ടിന്‍ പുറത്തെ എലികള്‍ വളരെ വേഗം ഓടുകയും നടക്കുകയും ചെയ്യുന്നത്പട്ടാളകാരുടെ ബൂട്ടിന്റെ ശബ്ദം പോലെ എനിക്ക് തോന്നാറുണ്ട്‌. അതിനി ,യുദ്ധത്തില്‍ നിന്ന് ഒളിച്ചോടിയ എന്നെ തടവിലാക്കാന്‍ വരുന്ന പടയാളികള്‍ ആണെന്ന് വിചാരിക്കുന്നു. ഉറക്കത്തില്‍ നിന്ന് പെട്ടന്ന് കണ്ണുകള്‍തുറക്കുമ്പോള്‍ ചുറ്റും ഇരുട്ടു മാത്രമേ ഞാന്‍ കാണുന്നുള്ളൂ . അത് ഇരുട്ടാനെന്ന ബോധം കൊണ്ട് മാത്രം എന്‍റെകണ്ണിന്‍റെ കാഴ്ച്ച നിലനില്‍ക്കുന്നു ഇന്നു ഞാന്‍ ബോധാവാനകുന്നു. കണ്ണട ഊരി മാറ്റുമ്പോള്‍ അന്ധതയുടെ ആഴംഎത്രത്തോളം ഭീകരമാണ്? അത് ഊരുമ്പോള്‍ വെറും മങ്ങിയ വെളിച്ചത്തിന്റെ ഇപ്പുറമാണ ഞാനെന്ന സത്യം ഓരോ നിമിഷവും ഞെട്ടിക്കുന്നു. ഖോരമായ ഇരുട്ടിന്‍റെ വിശപ്പ്‌ ഞാന്‍ അനുഭവിച്ചു അറിയുന്നു എന്നെഗ്രഹികാനുള്ള അതിന്‍റെ വെപ്രാളവും.. വീട്ടില്‍ ഒരു പൂച്ചയെ വളര്‍ത്തി തുടങ്ങിയതിനു ശേഷമാണ് പട്ടാളക്കാര്‍ വഴി മാറി സഞ്ചരിച്ച്‌ തുടങ്ങിയത്. ഇപോഴത്തെ അവതാരകര്‍ ആരെന്നോ, മുഖം മൂടി ധരിച്ച കള്ളന്‍മാര്‍ , അവര്‍ വീടിനു ചുറ്റും കറങ്ങി നടക്കുന്നുണ്ട് മഴയെന്നോ വെയിലെന്നോ ഇല്ലാതെ.. പതിനൊന്നു മണിയോടടുക്കുംപോള്‍ അവരുടെ വരവിന്‍റെ ലക്ഷണങ്ങള്‍ എനിക്ക് മനസ്സിലാവും. മുഖം മൂടി ധരിച്ചടു കൊണ്ടാണോ എന്ന്എനിക്ക്അറിയില്ല അവരുടെ മുഖം വ്യക്തമല്ല, കൈകള്‍ ബാലിഷ്ടമാണ്. അവരുടെ സ്വരനിശ്വാസങ്ങളും,ഹൃദയതുടിപ്പുകളും ഞാന്‍ നിശബ്ധമായ കൂരിരുട്ടില്‍ അനുഭവിച്ചറിയുന്നു. പൂടിയിട്ട മുറിയില്‍ എങ്ങനെയാണ് അവര്‍ വരുന്നത് എന്ന് ഓര്‍ത്തു പലപ്പോഴും ഞാന്‍ അതിശയിക്കാറുണ്ട്. മുറിയില്‍ എത്തിയാല്‍, കൂജയില്‍ നിന്നും വെള്ളം കുടിക്കുനതിന്റെ ശബ്ദം കേള്‍ക്കാം, പിന്നെ അവിടെ ഉറപിച്ചിട്ടുള്ള കസേരയില്‍ ഇരിക്കുന്നു . ആദ്യം എനിക്ക് അവരോടു തോന്നിയ ഭയം എപ്പോള്‍ തോന്നുന്നില്ല. അവര്‍ എന്‍റെ സ്നേഹിതരാണ്ഇപ്പോള്‍ . അവരുടെ ആഗമനം നാരന്തി പൂകളുടെ മണം മുറിയില്‍ നിറക്കുന്നു. അത് വീണ്ടും എനിക്ക് സന്തോഷവും പ്രതീക്ഷകളും സമ്മാനിക്കുന്നു. പക്ഷെ എന്തിനാവം അവര്‍ എന്‍റെ വീട് കൊള്ളയടിക്കാന്‍ മുതിരുന്നത്? ഒരു കാര്യം പറയാന്‍ മറന്നു, പട്ടാളക്കാരെ ഓടിക്കാന്‍ വേണ്ടിവളര്‍ത്തിയ പൂച്ചയെ ഇന്നലെ വീടിലെ പട്ടികള്‍ കടിച്ചു കൊന്നു. വീണ്ടും ഞാന്‍ അരോചകമായ ശബ്ദംകേള്‍ക്കാന്‍ നിയോഗിക്കപെട്ടിരിക്കുന്നു! പക്ഷെ അവരോടു ഒന്ന് പറഞ്ഞോട്ടെ ,എനിക്ക് യുദ്ധത്തിനു തീരെ താല്പര്യമില്ല. എന്നെ അതിനു ക്ഷണിക്കരുത്. രാഷ്ട്രീയത്തില്‍ ഉയരാനോ, സാഹിത്യത്തില്‍ പ്രശോഭിക്കാനോ എനിക്ക് തീരെ കഴിയില്ല. നിങ്ങളുടെ രാജ്യം ഇന്നു ശബ്ധതാല്‍ അലങ്കോല പെട്ടിരിക്കുന്നതായി ഞാന്‍ അറിയുന്നു.. ഞാന്‍ നിശബ്ദതയെ സ്നേഹിക്കുന്നു ,ആ ഏകാന്തതയില്‍ മാത്രമേ എനിക്ക് രക്ഷയുള്ളൂ എന്നും മനസ്സിലാകുന്നു.

മുഖം
മൂടി ധരിച്ച കള്ളന്മാര്‍ ഇനി വരാതിരിക്കുമോ ? വരുന്നെങ്കില്‍ വരട്ടെ ,കൂജയില്‍ ഇന്നും വെള്ളം ഉണ്ട്‌ , അത് കുടിച്ചു അവര്‍ക്ക് ദാഹം മാറ്റി പഴയതുപോലെ തിരിച്ചു പോകാം .പക്ഷെ എന്‍റെ ഉറക്കത്തിനു വിഘ്നം വരുത്തരുത്.
----------(വിനു)----- 18/08/2010

No comments:

Post a Comment