Thursday 16 December 2010

ശിശിരത്തിലെ സ്വപ്നം (കവിത)

ഇല കൊഴിഞ്ഞു വീഴുന്ന ഒരു ശിശിര കാലം
എന്‍റെ മുറിയില്‍ വീര്‍പ്പുമുട്ടി
നില്‍ക്കുന്ന കാറ്റിന്,
തളംകെട്ടിയ ഏകാന്തത കൂട്ടാണ്..
നീറുന്ന കനലുകള്‍ മിഴികളില്‍
ഒളിപ്പിച്ചു ഞാനെന്‍റെ
ഹൃദയത്തെ സൂക്ഷിച്ചു നോക്കി
സിരകളിലൂടെ ഒഴുകിയോടുന്ന
രക്തത്തിന്റെ ആവേഗ തീവ്രത
ഏതോ ബന്ധങ്ങളാല്‍ കെട്ടി പുണര്ന്നിരിക്കുന്നു


അഴികളില്ലാത്ത എന്‍റെ മുറിയിലെ
ജന്നാലയ്ക്കും അപ്പുറം
കിളികള്‍ വിതുമ്പുന്നത്
ഞാന്‍ മാത്രം കാണുന്നു
പിന്നെ,അത് മരിച്ചു വീഴുന്നത് കണ്ടു
വെറുതെ നോക്കി നില്‍ക്കുന്നു..

തല നരച്ച ആരോ ഒരാള്‍ വന്നെന്‍റെ
മിഴികളെ ശാന്തമായി തലോടുമ്പോള്‍
അറിയുന്നു:-
ജന്മാന്ത്രങ്ങള്‍ക്ക് മുന്‍പ് ആരൊക്കെയോ
എനിക്ക് തന്ന സ്നേഹത്തിന്റെ കുടിശിക
മടക്കി നല്‍കേണ്ടിയിരിക്കുന്നു..
അതിനാലാണോ മനസ്സ് ഭാരപെടുന്നത്?

ശിശിരത്തിലെ, പൊഴിയാന്‍ കാത്തുനില്‍ക്കും
ഏതോ വൃക്ഷം ഉപേക്ഷിച്ച ഇലയാണ് ഞാന്‍
ഭൂമിയെ പുണര്‍ന്നു മണ്ണോടു അടിയുന്നതിനു മുന്‍പേ
മഴയില്‍ നനയണം എനിക്ക്
കരയാന്‍ കഴിയുന്നില്ലെങ്കിലും
മഴയാല്‍ നനക്കണം കണ്ണുകള്‍
കാറ്റിന്‍റെ കൈയില്‍ ഒതുങ്ങി
പറന്നു പറന്നു മറ്റൊരു ശിശിരതിന്റെ
കാണാത്ത തൊട്ടിലില്‍ ചെന്ന് ഉറങ്ങണം...
അതെന്‍റെ സ്വപ്നം..

........(വിനു)......

No comments:

Post a Comment